ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി തള്ളിക്കളഞ്ഞു. താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിലയിരുത്തി. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും പ്രത്യേക പോക്സോ കോടതി ഉത്തരവില്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍വച്ചു മാത്രമാണു പെണ്‍കുട്ടിയെ കണ്ടതെന്നും സ്വകാര്യമായ കൂടിക്കാഴ്ചകള്‍ ഇല്ലായിരുന്നുവെന്നുമാണ് ദയാല്‍ കോടതിയില്‍ വാദിച്ചത്. പ്രായപൂര്‍ത്തിയായതായി നടിച്ചാണ് പെണ്‍കുട്ടി ദയാലിനെ സമീപിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പണം തട്ടിയെടുത്തതായും ദയാലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കാന്‍ കോടതി തയാറായില്ല.
ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ജയ്പൂരിലെ സങ്കനേര്‍ സദര്‍ പൊലീസാണ് യാഷ് ദയാലിനെതിരെ കേസെടുത്തത്. ക്രിക്കറ്റ് കരിയറില്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ജയ്പുരിലെയും കാന്‍പുരിലെയും ഹോട്ടലുകളിലെത്തിച്ച് രണ്ടര വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതി. ദയാലുമായുള്ള ചാറ്റുകളും വിഡിയോകളും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും സഹിതമാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്റെ താരമാണ് യാഷ് ദയാല്‍. ഐപിഎലില്‍ 2026 സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കും. അഞ്ചു കോടി രൂപയ്ക്ക് ആര്‍സിബി താരത്തെ നിലനിര്‍ത്തുകയായിരുന്നു. 2024, 2025 സീസണുകളിലും താരത്തിന് അഞ്ച് കോടി രൂപ ഐപിഎല്‍ പ്രതിഫലമായി ലഭിച്ചിരുന്നു.







