മുംബൈ: മകന്റെ പിറന്നാള്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് സൂറത്തിലെ തിരക്കേറിയ ഒരു റോഡില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിനെതിരെ വ്യാപക വിമര്‍ശങ്ങളാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്. 58കാരനായ ദീപക് ഇസാര്‍ദറും കൂട്ടുകാരും ചേര്‍ന്നാണ് മകന്റെ 19ാം പിറന്നാള്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
താന്‍ ഒരു സെലിബ്രിറ്റിയാണെന്നും അഞ്ച് മിനിറ്റ് വാഹനം തടഞ്ഞുനിര്‍ത്തിയാല്‍ എന്ത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ദീപക് ചോദിക്കുന്നു. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കുന്ന ആഘോഷങ്ങള്‍ സ്ഥലത്ത് നടക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ എതിരാളികള്‍ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട സൂറത്തിലെ ഡുമാസ് പൊലീസ് സ്ഥലത്തെത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പൊതു റോഡില്‍ പടക്കം പൊട്ടിച്ച് തടസ്സമുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 223 പ്രകാരമാണ് ദീപക് ഇജാര്‍ദാറിനെതിരെ കേസെടുത്തിട്ടുള്ളത്.







