മീററ്റ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ചാക്കുകളിലാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണു സംഭവം. ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുല്‍ കുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ റൂബി(30)യെയും കാമുകന്‍ ഗൗരവ് കുമാറിനെയും(32) പൊലീസ് അറസ്റ്റുചെയ്തു. മീററ്റിലെ ‘ബ്ലൂ ഡ്രം’ മോഡല്‍ കൊലപാതകമാണ് ഇവിടെ നടന്നിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 17 നാണ് കൊല നടന്നത്. രാഹുലിന്റെ തലയില്‍ ഗൗരവ് ഇരുമ്പ് വടികൊണ്ടും യുവതി ചുറ്റിക കൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മരണപ്പെട്ടതോടെ വുഡ് കട്ടര്‍ ഉപയോഗിച്ച് ശരീരം പല പല കഷണങ്ങളായി മുറിച്ച് ബാഗുകളില്‍ സൂക്ഷിച്ചു. ഒരു വാഹനം വാടകയ്ക്കെടുത്ത്, വെട്ടിമുറിച്ച തലയും കാലുകളും അടങ്ങിയ ഒരു ബാഗും മൊബൈല്‍ഫോണും രാജ്ഘട്ടിലെ ഗംഗയിലേക്ക് തള്ളി. രാത്രിയില്‍, മറ്റൊരു ബാഗ് അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു. തെളിവ് നശിപ്പിക്കാന്‍ രാഹുലിന്റെ അടിവസ്ത്രവും, ചോരപുരണ്ട പ്രതികളുടെ വസ്ത്രങ്ങളും കത്തിച്ചു. പിന്നീട് വുഡ് കട്ടര്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. നവംബര്‍ 18 നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസില്‍ പരാതി നല്‍കിയത്. റൂബിയെ ചോദ്യം ചെയ്തപ്പോള്‍ അവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി. അതിനിടെ ഡിസംബര്‍ 15 ന് അഴുക്കുചാലില്‍ നിന്ന് മനുഷ്യന്റെ തല അടങ്ങിയ ഒരു പോളിത്തീന്‍ ബാഗ് നാട്ടുകാര്‍ കണ്ടെത്തി. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു ബാഗില്‍ കിട്ടിയ മുറിച്ചെടുത്ത ഒരു കയ്യില്‍ ‘രാഹുല്‍’ എന്ന് ടാറ്റൂ ചെയ്തത്കണ്ടെത്തിയതാണ് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ റൂബിയെയും കാമുകനെയും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചു. ഒടുവില്‍ യുവതി കുറ്റം സമ്മതിച്ചു. ഗൗരവുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസമായതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു യുവതി പൊലീസിനോട് സമ്മതിച്ചു. അതേസമയം വീട്ടില്‍ പതിവായി വരാറുള്ള ഒരാളെച്ചൊല്ലി മാതാപിതാക്കള്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. മറ്റു മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 15 വര്‍ഷം മുമ്പാണ് രാഹുലും റൂബിയും തമ്മില്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്.







