ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍ സൈ്വര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. . ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു. അടുത്തിടെ ജബല്‍പൂരിലെ വിക്ടോറിയ ആശുപത്രിയില്‍ രോഗികളുടെ കിടക്കകള്‍ക്ക് മുകളിലൂടെ എലികള്‍ ഓടുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സത്നയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.
സത്ന ജില്ലാ ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എന്‍.സി.യു (SNCU) വാര്‍ഡിനുള്ളില്‍ എലികള്‍ ഓടിനടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കുഞ്ഞുങ്ങളുടെ സുരക്ഷയെയും ആശുപത്രിയിലെ ശുചിത്വത്തെയും കുറിച്ച് വലിയ ആശങ്കയാണ് ഈ ദൃശ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡോറിലെ എം.വൈ ആശുപത്രിയില്‍ എലിയുടെ കടിയേറ്റ് രണ്ട് നവജാതശിശുക്കള്‍ മരിച്ച സംഭവം ഏറെ വിവാദമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, എലികള്‍, ആശുപത്രി ഉപകരണങ്ങള്‍ക്കിടയിലൂടെ സ്വതന്ത്രമായി ഓടുന്നത് കാണാം. ഒരു എലി കമ്പ്യൂട്ടര്‍ മോണിറ്ററിന് താഴെ നിന്ന് എന്തോ ഭക്ഷണ സാധനം കഴിക്കുന്നതും വീഡിയോയില്‍ കാണാം. നവജാതശിശുക്കള്‍ക്ക് അണുബാധ ഏല്‍ക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശുചിത്വം പാലിക്കേണ്ട ഇടമാണ് എസ്.എന്‍.സി.യു. അവിടെ എലികളെ കണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. എലികള്‍ കുഞ്ഞുങ്ങളെ കടിക്കാനോ മാരകമായ രോഗങ്ങള്‍ പടര്‍ത്താനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.







