ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ വന്‍ സ്വത്തുക്കളുള്ള റിയല്‍ എസ്റ്റേറ്റ് ഉടമയും മുന്‍ ആന്ധ്രാപ്രദേശ് എംപിയും തിരുമല ദേവസ്ഥാനം പ്രമുഖനുമായിരുന്ന ഡി കെ ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനായ കെ. രഘുനാഥ്
കൊല്ലപ്പെട്ട കേസില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്ന് പേരെ
സി.ബി.ഐ അറസ്റ്റ് ചെയ്തു.
ആദികേശവലുവിന്റെ മകന്‍ ഡി എ ശ്രീനിവാസ്, മകള്‍ ഡി എ കല്‍പജ, ബംഗ്‌ളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈ.എസ്.പി എസ് വൈ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.2019 മേയിലാണ് റിയല്‍ എസ്റ്റേറ്റ്
ഉടമ കൊല്ലപ്പെട്ടത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിര്‍മ്മിക്കല്‍, സര്‍ക്കാര്‍ സ്റ്റാമ്പുകളുടെയും സീലുകളുടെയും വ്യാജരേഖ നിര്‍മ്മിക്കല്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ തെളിവുകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിബിഐ പത്രക്കുറിപ്പില്‍ പറയുന്നു.
2013 ല്‍ ആദികേശവലു മരിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. രഘുനാഥും മുന്‍ എംപിയുടെ മക്കളും തമ്മില്‍ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തു. സ്വത്തിന്റെ മുഴുവന്‍ ഉടമ താനാണെന്ന് രഘുനാഥ് വാദിച്ചു. 2019 മേയില്‍ രഘുനാഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കര്‍ണാടക
പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി കയറിയ
കേസ് ഒടുവില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്ത് കേസ് അന്വേഷിച്ചത്.







