മുംബൈ: രാജ്യമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഗാ ക്രിസ്മസ് ബോണസ്. വനിതാ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്താന്‍ ബിസിസിഐയുടെ പുതിയ അപെക്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇത്. വനിതാ ഐപിഎല്ലിന്റെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.
വനിതാ ആഭ്യന്തര കളിക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നതിന്റെ 2.5 മടങ്ങ് വരെ വരുമാനം ലഭിക്കും. ക്രിക്കറ്റ് ഒരു പ്രൊഫഷണല്‍ കരിയറായി പിന്തുടരുന്നതിന്റെ സാമ്പത്തിക ഭദ്രതയാണ് ഇത് തുറന്നുകാട്ടുന്നത്. നേരത്തെ, മുതിര്‍ന്ന വനിതാ കളിക്കാര്‍ക്ക് പ്രതിദിനം 20,000 രൂപ മാച്ച് ഫീസ് നല്‍കിയിരുന്നു, അത് ഇപ്പോള്‍ പ്രതിദിനം 50,000 രൂപയായി ഉയര്‍ത്തി. പ്ലെയിംഗ് ഇലവന്റെ ഭാഗമായ കളിക്കാര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധനവ് ബാധകമാണ്.
സീനിയര്‍ താരങ്ങളുടെ മാച്ച് ഫീ ഉയര്‍ത്തിയതിന് ആനുപാതികമായി ജൂനിയര്‍ താരങ്ങളുടെ പ്രതിഫലത്തിലും ബിസിസിഐ വര്‍ധന വരുത്തിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന ജൂനിയര്‍ താരങ്ങള്‍ക്ക് നിലവില്‍ ഒരു ദിവസം 10000 രൂപയായിരുന്ന മാച്ച് ഫീ 25000 രൂപയായും റിസര്‍വ് താരങ്ങളുടെ മാച്ച് ഫീ 5000 രൂപയില്‍ നിന്ന് 12500 രൂപയായുമാണ് ഉയര്‍ത്തിയത്.
സീനിയര്‍ താരങ്ങള്‍ക്ക് ടി20 മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്ളവര്‍ക്ക് 25000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12500 രൂപയും മാച്ച് ഫീയായി ലഭിക്കും. ജൂനിയര്‍ താരങ്ങള്‍ക്ക് ടി20 മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്ളവര്‍ക്ക് 12500 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 6250 രൂപയും മാച്ച് ഫീ ഇനത്തില്‍ ലഭിക്കും. 2021ലാണ് ഇതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന വനിതാ താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചത്.







