ബംഗളൂരു: അഴിമതി, വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളെത്തുടര്‍ന്ന് കര്‍ണാടക ലോകായുക്ത ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ഒരേസമയം റെയ്ഡ് നടത്തി.
ബാഗല്‍കോട്ട്, വിജയപുര, കാര്‍വാര്‍, റായ്ച്ചൂര്‍ ജില്ലകളിലാണ് ഏകോപിതമായ റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ബംഗ്ലാവുകള്‍, വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.
ബാഗല്‍കോട്ട് ജില്ലയില്‍ ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) പ്രോജക്ട് ഡയറക്ടറുടെ വസതികളില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ അതിരാവിലെ റെയ്ഡ് ആരംഭിച്ചു. ബാഗല്‍കോട്ട് പട്ടണത്തിലും അയല്‍ ജില്ലയായ ഗദഗ് ജില്ലയിലെ നര്‍ഗുണ്ടിലുമുള്ള അദ്ദേഹത്തിന്റെ വീടുകളിലും റെയ്ഡ് നടത്തി. അതേ ജില്ലയില്‍, ബാഗേവാഡിയിലുള്ള കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറുടെ വസതിയിലും റെയ്ഡ് നടത്തി.
കാര്‍വാര്‍ ജില്ലയില്‍ സിദ്ധാപൂരിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ വസതിയില്‍ റെയ്ഡ് തുടരുകയാണ്. ഉദ്യോഗസ്ഥര്‍ രേഖകളും പരിശോധിച്ചു.
റായ്ച്ചൂരില്‍ വിരമിച്ച വനിതാ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ പരിശോധന നടത്തി.
അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമണ് റെയ്ഡുകളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പിടിച്ചെടുക്കലുകളും കണ്ടെത്തലുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.







