‘ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരം മാനസികമായി പീഡിപ്പിച്ചു, എന്ത് തന്നെയായാലും കുട്ടികളെ അവര്‍ക്ക് വിട്ടുകൊടുക്കില്ല’; ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്, രാമന്തളിയിലെ കൂട്ടമരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

പയ്യന്നൂര്‍: രാമന്തളിയിലെ കൂട്ടമരണത്തില്‍ കലാധരന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്.
ഭാര്യയെയും ഭാര്യ വീട്ടുകാരെയും കുറ്റപ്പെടുത്തിയാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്.
ഭാര്യ നയന്‍താര കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. തങ്ങളുടെ
മരണത്തിന് ഉത്തരവാദി ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണെന്ന് കലാധരന്‍ എഴുതി വച്ച ആത്മഹത്യാക്കുറിപ്പിലുണ്ട്. നിരന്തരം ഫോണ്‍വിളിച്ച് അവര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളും എന്റെ ഫോണിലുണ്ട്. എന്ത് തന്നെയായാലും കുട്ടികളെ അവര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും അതുകൊണ്ട് മരിക്കുന്നുവെന്നുമാണ് കത്തിലുള്ളത്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ മക്കളുടെ സംരക്ഷണം സംബന്ധിച്ച തര്‍ക്കം കോടതി കയറിയതാണ് കുടുംബ പ്രശ്‌നം രൂക്ഷമാക്കിയത്. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാന്‍ കോടതി വിധി ഉണ്ടായിരുന്നു. എന്നാല്‍ മക്കള്‍ക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജീവിതം മടുത്തെന്നും ഇങ്ങനെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും കലാധരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. ആരെയും വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീടിന്റെ സിറ്റൗട്ടില്‍ നോക്കിയപ്പോഴാണ് ഒരു കത്ത് ഉണ്ണികൃഷ്ണന്‍ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണന്‍ കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായി കണ്ടെത്തിയത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നാല് പേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോണിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page