ബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബ്രെഡ് കവറുകളിൽ ഒളിപ്പിച്ച് മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ കടത്തിയതിന് വിദേശ വനിതയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
കള്ളക്കടത്തിനൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയുന്ന മൊബൈൽ ഫോണും അവരിൽ നിന്ന് പിടിച്ചെടുത്തു.എന്നാൽ പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദേശ വനിത അറിയപ്പെടുന്ന വ്യക്തികൾക്ക് കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു സിസിബി നാർക്കോട്ടിക് കൺട്രോൾ വിങ് റെയ്ഡ് നടത്തിയാണ് പ്രതിയെ പിടികൂടിയത്.
2024 ൽ വിദ്യാർത്ഥി വിസയിൽ ഡൽഹി സർവകലാശാലയിൽ പഠനം നടത്താനെന്ന് പറഞ്ഞ് എത്തിയതായിരുന്നു യുവതി. എന്നാൽ ഒരു കോളേജിലും ചേരാതെ അവർ മുംബൈയിലെ ഘാട്‌കോപ്പർ, അംബവാടി, നല്ലസൊപാര പ്രദേശങ്ങളിൽ താമസിച്ചു.
മുംബൈയിലെ സുഹൃത്തിൽ നിന്ന് കൊക്കെയ്ൻ വാങ്ങി അയാളുടെ നിർദ്ദേശപ്രകാരം നിശ്ചിത സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്തു.അതുവഴി മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുകയും നിയമവിരുദ്ധമായി പണം സമ്പാദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ അവർ മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വകാര്യ ബസുകളിൽ പതിവായി യാത്ര ചെയ്തിരുന്നതായും കണ്ടെത്താതിരിക്കാൻ ബ്രെഡ് കവറുകളിലും സമാനമായ ഉൽപ്പന്നങ്ങളിലും കൊക്കെയ്ൻ ഒളിപ്പിച്ച് കടത്തിയിരുന്നതായും കണ്ടെത്തിട്ടുണ്ട്.
വർത്തൂർ പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മറ്റൊരു സംഭവത്തിൽ ബംഗളൂരുവിൽ നിരോധിത മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
247 ഗ്രാം ഹൈഡ്രോ കഞ്ചാവും 19 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു, ഇവക്ക് 26.90 ലക്ഷം രൂപ വിലവരും.
കഴിഞ്ഞ ഞായറാഴ്ച ജലഹള്ളി പൊലീസ് സ്റ്റേഷനിൽ ലഭിച്ച സന്ദേശത്തിൽ ചില വ്യക്തികൾ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലിംഗറാവു സർക്കിളിന് സമീപം ഉപഭോക്താക്കൾക്ക് അവ വിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
റെയ്ഡിനെത്തുടർന്ന് പ്രതികളായ ഇരുവരെയും ചോദ്യം ചെയ്തതിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യത്തോടെ അജ്ഞാതനായ ഒരാളിൽ നിന്ന് കുറഞ്ഞ വിലക്ക് ഹൈഡ്രോ കഞ്ചാവും എംഡിഎംഎയും വാങ്ങി ഉയർന്ന വിലക്ക് ഉപഭോക്താക്കൾക്ക് വിറ്റതായി അവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.







