നിയമസഭാ തെരഞ്ഞെടുപ്പ്; പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമോ? ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

കോഴിക്കോട്: പി.വി. അന്‍വര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സിറ്റിങ് മണ്ഡലമായ ബേപ്പൂര്‍, കെ.ടി.ജലീലിന്റെ തവനൂര്‍, ലിന്റോ ജോസഫിന്റെ തിരുവമ്പാടി തുടങ്ങിയവയാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

കഴിഞ്ഞദിവസം അന്‍വറിനേയും സികെ ജാനുവിനേയും യുഡിഎഫിലേക്ക് എടുത്തിരുന്നു. അസോസിയേറ്റ് അംഗത്വം ഇവര്‍ക്ക് നല്‍കുമെന്നും അറിയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയായി അംഗീകരിച്ചതോടെയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായത്.

അന്‍വറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ബേപ്പൂരില്‍ പ്രത്യക്ഷപ്പെട്ടതോടെ ബേപ്പൂരില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു.

‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാന്‍’ തനിക്ക് ബേപ്പൂരില്‍ മത്സരിക്കണമെന്ന താല്‍പര്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് അന്‍വര്‍ പ്രകടിപ്പിച്ചിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായതിനാല്‍ ഇതു വിട്ടുനല്‍കുന്നതിന് കോണ്‍ഗ്രസിലും വലിയ എതിര്‍പ്പുണ്ടാകില്ല. മുന്നണി ധാരണപ്രകാരം തവനൂര്‍ കോണ്‍ഗ്രസും തിരുവമ്പാടി മുസ്ലിം ലീഗും മത്സരിക്കുന്ന സീറ്റുകളാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഫ് ളക്‌സുകള്‍. എന്നാല്‍ ഫ് ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത് തന്റെ അറിവോടെയല്ലെന്നും മത്സരിക്കാനായി പല മണ്ഡലങ്ങളില്‍നിന്നു ക്ഷണമുണ്ടെന്നും അന്‍വര്‍ പ്രതികരിച്ചു.

ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് എം.എല്‍.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരില്‍ തങ്ങിയിരുന്നു. ആ സമയത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
അതേസമയം, യു.ഡി.എഫുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും ബേപ്പൂര്‍ സീറ്റ് പി.വി. അന്‍വറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുനോക്കിയാല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനു യുഡിഎഫിനേക്കാള്‍ 1340 വോട്ടിന്റെ മുന്‍തൂക്കം മാത്രമാണുള്ളത്. നേരത്തെ ഇടതു സഹയാത്രികനായിരുന്ന പി.വി.അന്‍വര്‍ ഇറങ്ങിയാല്‍ ഇടതുവോട്ടുകളും ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അന്‍വറിനായി ശബ്ദമുയര്‍ത്തുന്നവരുടെ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page