മംഗളൂരു: അധികാരികളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വ്യാജ രേഖകൾ നിർമ്മിച്ച് വെരിഫിക്കേഷൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നതിന് വിട്ടൽ പൊലീസ് ഒരു കോൺസ്റ്റബിളിനെയും പാസ്‌പോർട്ട് അപേക്ഷകനെയും അറസ്റ്റ് ചെയ്തു.
വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനാണെന്ന് അവകാശപ്പെടുന്ന ശക്തിദാസ് , കോൺസ്റ്റബിൾ എന്നിവർക്ക് എതിരെയാണ് കേസ്.ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
ശക്തി ദാസ് എന്നയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചതായി പൊലീസ് പറഞ്ഞു .
പരിശോധനയിൽ അപേക്ഷയിൽ പരാമർശിച്ച വിലാസം ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് അപേക്ഷ ശുപാർശ ചെയ്തില്ല.
പിന്നീട് ശക്തിദാസ് ജൂണിൽ പുതിയ പാസ്‌പോർട്ട് അപേക്ഷ സമർപ്പിച്ചു. വിട്ടൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ് അപേക്ഷകന്റെ വിലാസ പരിശോധന നടത്തേണ്ട ബന്ധപ്പെട്ട ബീറ്റ് കോൺസ്റ്റബിൾ സാബു മിർജിയുടെ അറിവില്ലാതെ പുനർ അപേക്ഷയിൽ നടപടിസ്വീകരിച്ചു.
ബീറ്റ് കോൺസ്റ്റബിളിന്റെ പേരിൽ വെരിഫിക്കേഷൻ റിപ്പോർട്ട് പ്രദീപ് തയ്യാറാക്കി. സാബു എന്ന കോൺസ്റ്റബിളിന്റെ വ്യാജ ഒപ്പിട്ട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ശുപാർശ വാങ്ങി റിപ്പോർട്ട് കൈമാറി. ക്രമക്കേടുകൾ മറച്ചുവെക്കാൻ പ്രതി വെരിഫിക്കേഷൻ രേഖകൾ നശിപ്പിച്ചതായും ആരോപണമുണ്ട്.
ഈ മാസം 19 ന് രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ തരികിട പുറത്തുവന്നത്.
പാസ്പോർട്ട് അപേഷകൻ ശക്തിദാസ് പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും ഇയാളുടെ വിലാസം ഇപ്പോൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 2023 ലെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 336, 337, 316(5), 238 എന്നിവ പ്രകാരമാണ് പ്രദീപിനും പാസ്‌പോർട്ട് ഉടമ ശക്തി ദാസിനു മെതിരെ വിട്ടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.







