തൃശൂര്‍: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി യായി കൈപ്പറ്റിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കയ്യോടെ പൊക്കി. ചാലക്കുടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ് ആണ് പാലിയേക്കരയില്‍ പിടിയിലായത്. 32,500 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സിനെ കണ്ടയുടന്‍ ഇയാള്‍ പണം കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി.
ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്ക് കാറില്‍ പോകുന്ന ദിവസമാണ് പണം വാങ്ങാറുള്ളതെന്നുമുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് സംഘമെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ഇന്‍സ്‌പെക്ടറുടെ കാര്‍ വിജിലന്‍സ് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തടയുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.







