മലപ്പുറം: അമ്പലപ്പടി ബൈപ്പാസിലെ വീട്ടില്‍ തനിച്ചുതാമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് രണ്ടുപവന്‍ ആഭരണം കവര്‍ന്നു. മൂന്നംഗ സംഘമാണ് മുഖംമൂടി ധരിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്. പരേതനായ വിമുക്തഭടന്‍ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെയില്‍ നടത്തിയ മല്‍പ്പിടുത്തത്തില്‍ ചന്ദ്രമതിക്ക് വീഴ്ചയിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. രാത്രി വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. തേങ്ങ വീണതാകും എന്ന് കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതില്‍ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി. പെട്ടെന്ന് രണ്ട് പേര്‍ ചേര്‍ന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിയുകയായിരുന്നു. മറ്റൊരാള്‍ വയോധികയുടെ വായ പുറകില്‍ നിന്ന് പൊത്തിപ്പിടിച്ചു. ഇതിനിടെയില്‍ മറ്റൊരാള്‍ കൈയിലെ വളകള്‍ ഊരിയെടുക്കാന്‍ ശ്രമം നടത്തി. ഊരാന്‍ കിട്ടാതായപ്പോള്‍ പ്ലെയര്‍ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു. എല്ലാവരും മങ്കി ക്യാപ്പ് ഉപയോഗിച്ച് മുഖം മൂടി ധരിച്ചിരുന്നതായി ചന്ദ്രമതി പറയുന്നു. ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കള്‍ വിവരമറിയുന്നത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.







