മംഗളൂരു: ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ച 22 കാരന്‍ പിടിയില്‍. ഉഡുപ്പി കാര്‍ക്കള സ്വദേശിയായ ഷോഡന്‍ (22) ആണ് അറസ്റ്റിലായത്. കടബയിലെ ഷിരാഡി സ്വദേശിയായ സുരേഷ് (46) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈമാസം 19 നാണ് ആംബുലന്‍സ് മോഷ്ടിച്ചത്. ഒരു അപകടവുമായി ബന്ധപ്പെട്ട അടിയന്തര കോള്‍ പ്രതീക്ഷിച്ച് ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. വേറൊരു ഡ്രൈവര്‍ ഉടന്‍ ഓടിക്കാന്‍ എത്തുമെന്ന് അറിയിച്ചതോടെ സുരേഷ് വീട്ടിലേക്ക് പോകുന്നതിനുമുമ്പ് താക്കോല്‍ വാഹനത്തിനുള്ളില്‍ വച്ചു. 20 ന് രാവിലെ തിരിച്ചെത്തിയപ്പോള്‍ വാഹനം കാണാതായതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉപ്പിനങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഹാസന്‍ ജില്ലാ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.







