മൊഗ്രാല്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 29,30,31 തീയതികളില്‍ നടക്കാനിരിക്കെ സ്‌കൂള്‍ റോഡ് കാട് നിറഞ്ഞും, മണ്ണു കൂട്ടിയിട്ടും ശോചനീയാവസ്ഥയില്‍ക്കിടക്കുന്നു. റോഡ് നന്നാക്കണമെന്ന കലോത്സവ സംഘാടകരുടെയും നാട്ടുകാരുടെയും ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നു.
കലോത്സവത്തിന്റെ പ്രധാന കവാടമായ മൊഗ്രാല്‍ ടൗണ്‍ മുതല്‍ യൂനാനി ഡിസ്‌പെന്‍സറി വരെയുള്ള സ്‌കൂള്‍ റോഡിന്റെ ഇടതുവശത്താണ് കാടുകള്‍ നിറഞ്ഞു, മണ്ണു കൂടി കിടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് പിഡബ്ല്യുഡി അധികൃതരെ സ്‌കൂള്‍ പിടിഎയും, സന്നദ്ധ സംഘടനകളുംഇക്കാര്യം അറിയിച്ചിരുന്നു. നിവേദനം നല്‍കുകയും ചെയ്തിരുന്നു. റോഡ് നന്നാക്കുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ ഉറപ്പും നല്‍കിയിരുന്നു.
ഈ മാസം ആദ്യം നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ സ്‌കൂള്‍ റോഡ് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ സ്‌കൂള്‍ അധികൃതരും കമ്മിറ്റി ഭാരവാഹികളും എ ഇ യേയും പിഡബ്ല്യുഡി ഓഫീസിലേക്കും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ലെന്നതാണ് സ്ഥിതി. വിവരം സംഘാടകസമിതി അംഗങ്ങള്‍ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്.







