മംഗളൂരു: ഉഡുപ്പി ജില്ലയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ 39 എണ്ണം നിലവില്‍ ജുഡീഷ്യല്‍ വിചാരണയിലാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. 28 കേസുകള്‍ തീര്‍പ്പാക്കി. ഒരു കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുന്നത് കാത്തിരിക്കുന്നു. മൂന്ന് പ്രതികള്‍ക്കെതിരായ കേസുകളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ട്. ഒരു കേസ് സിഐഡിയുടെ അന്വേഷണത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 39 കേസുകളുമായി ബന്ധപ്പെട്ട് 11 നക്‌സല്‍ പ്രതികളെ കോടതികളില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ കേസുകളിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു.വിചാരണ പുരോഗമിക്കുകയാണ്.
കലാസയിലെ എം. വനജാക്ഷി എന്ന ജ്യോതി എന്ന കല്‍പ്പന (58) നിലവില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. ശൃംഗേരിയിലെ ബി.ജി. കൃഷ്ണമൂര്‍ത്തി എന്ന വിജയ് (46) നിലവില്‍ കേരളത്തില്‍ വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ്.
കലാസയിലെ സാവിത്രി ജെ.എല്‍ എന്ന ഉഷ (33) നിലവില്‍ കേരളത്തിലെ തൃശ്ശൂരിലെ വനിതാ ജയിലിലാണുള്ളത്. കൊപ്പലിലെ നീലഗുളിയിലെ പത്മനാഭ(48)യും
കുന്താപുരം മച്ചാട്ടു ഗ്രാമത്തിലെ തോംബട്ടു ലക്ഷ്മിയും (39) ജാമ്യത്തിലിറങ്ങി. ശൃംഗേരിയിലെ ലത എന്ന മുണ്ടഗരു ലത (45) ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.
റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയിലെ മഹേഷ് എന്ന മാധവ (49) വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണുള്ളത്. കലാസയിലെ കന്യാകുമാരി (51) ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുരേഷ് എന്ന മഹേഷ് (50), ബെല്‍ത്തങ്ങാടി കുത്ത്‌ലൂരിലെ സുന്ദരി എന്ന ഗീത(35) ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. അഗുംബെയിലെ പ്രഭ എന്ന ഹൊസഗഡ്ഡെ പ്രഭ (69) തമിഴ്നാട്ടിലെ വെല്ലൂരിലുള്ള സായ് വൃദ്ധസദനത്തിലാണ് കഴിയുന്നതെന്ന്
എസ്.പി പറഞ്ഞു.







