കാസര്‍കോട്: സംസ്ഥാനത്തെ യുവസംരംഭകത്വ ചരിത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോട്ട് പുതിയ അധ്യായം കുറിച്ചു.
പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക സംഗമങ്ങളിലൊന്നായ ഐ ഇ ഡി സി ഉച്ചകോടി ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള 550-ലധികം ഐ ഇ ഡി സി(ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍)കളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികളും യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍, കേന്ദ്രസര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ രാജേന്ദ്ര പിലാങ്കട്ട സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാര്‍, ഡി. ടി. ഇ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ജ്യോതി ശര്‍മ്മ, ഡോ. ജയമോഹന്‍, അനൂപ് അംബിക, ഡോ. മുഹമ്മദ് ഷുക്കൂര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സംരംഭക ചിന്ത വളര്‍ത്തുന്നതിനും പുതുമയാര്‍ന്ന ആശയവിനിമയത്തിനും സംഗമം വേദിയായി. വനിതാ സംരംഭകത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന പരിപാടികളും സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും കരകൗശല സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നു.

ചലനാത്മക സംരംഭകത്വ-ആശയ കൈമാറ്റ പ്ലാറ്റ്ഫോമായ ഇന്നൊവേഷന്‍ ട്രെയിനില്‍, പ്രാദേശിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാര ആശയങ്ങള്‍ രൂപപ്പെടുത്താനും ആവശ്യമായ ഐഡിയേഷന്‍ സോണുകള്‍ ഒരുക്കിയിട്ടുണ്ട്.
ഉപജീവനം, പൊതുസേവനങ്ങള്‍, കാലാവസ്ഥാ മാറ്റം, കൃഷി, മത്സ്യബന്ധനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ഏകദേശം 200 നൂതന ആശയങ്ങള്‍ ഉച്ചകോടിയില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് കെഎസ്യുഎമ്മിന്റെ നേതൃത്വത്തില്‍ മെന്റര്‍ഷിപ്പ്, പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് വികസനം, ഇന്‍ക്യൂബേഷന്‍ അവസരങ്ങള്‍ എന്നിവ ലഭ്യമാക്കും.
ഉച്ചകോടിയോടനുബന്ധിച്ച് കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്നൊവേഷന്‍ ആന്റ്് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗവുമുണ്ടായിരുന്നു. ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, മികച്ച മാതൃകകള്‍, ഭാവി സംരംഭകത്വ പദ്ധതികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഉച്ചകോടിയുടെ ഭാഗമായി വണ്‍ ടാങ്ക്, ഫിയര്‍ഫ്രോഗ് ഹൊറര്‍ ഗെയിം ഡെവലപ്മെന്റ് ചാലഞ്ച്, ടെന്‍ സൂപ്പര്‍ ഗേള്‍സ്, എ ഐ ഹാക്കതോണ്‍, ടൂറിസം ഐഡിയതോണ്‍, സ്റ്റാര്‍ട്ടപ്പ് ആന്റ് എക്‌സ്‌പോ സ്റ്റാളുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും സംവാദങ്ങളും നടക്കുന്നുണ്ട്.
കേരളത്തിലെ യുവസംരംഭക സമൂഹത്തിന് പുതിയ ദിശ നല്‍കുന്ന വേദിയാണു ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ പറഞ്ഞു.







