മംഗളൂരു: പാക്കിസ്ഥാന് വേണ്ടി ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗരിയില്‍ താമസിക്കുന്ന ഹിരേന്ദ്ര കുമാറി(34)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവത്തില്‍ ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തൊഴിലാളികളും ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പിടിയിലായ ഹിരേന്ദ്ര കുമാര്‍ സ്വന്തം പേരില്‍ എടുത്ത മൊബൈല്‍ സിം കാര്‍ഡ് മുഖ്യപ്രതിക്ക് പണത്തിനു പകരമായി നല്‍കിയിരുന്നു. മാല്‍പെയിലെ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മെസ്സേഴ്‌സ് സുഷ്മ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ കരാര്‍ ജീവനക്കാരായിരുന്നു മൂന്നുപേരും. ഒന്നര വര്‍ഷം മുമ്പ് മാല്‍പേയില്‍ എത്തിയ ഇവര്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ നമ്പറുകളുടെയും മറ്റ് തന്ത്രപ്രധാനമായ വിവരങ്ങള്‍ വാട്ട്സ്ആപ്പ് വഴി പാക്കിസ്ഥാന് അനധികൃതമായി കൈമാറിയെന്നാണ് ഉയര്‍ന്ന ആരോപണം. ഇതിലൂടെ വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.







