മുംബൈ: മുന്‍ ഭാര്യ റീത്ത ഭട്ടാചാര്യയ്ക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഗായകന്‍ കുമാര്‍ സാനു. അഭിമുഖങ്ങളില്‍ റീത്ത നല്‍കിയ പ്രസ്താവനകള്‍ തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നാരോപിച്ചാണ് കുമാര്‍ സാനു 50 കോടിയുടെ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ 30 ലക്ഷം രൂപയല്ല, 50 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും റീത്ത അറിയിച്ചു.
1994 ല്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞ സാനുവിനും റീത്തയ്ക്കും മൂന്ന് ആണ്‍മക്കളുണ്ട്. അവരില്‍ ഇളയവന് 31 വയസ്സാണ് ഇപ്പോള്‍ പ്രായം. സാനുവിന്റെ മാനനഷ്ടക്കേസ് മക്കളുടെ ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന് റീത്ത പറഞ്ഞു. ‘ഞാന്‍ അദ്ദേഹത്തെ കോടതിയില്‍ കാണും. സാനുവിനോട് കൂപ്പുകൈകളോടെ അപേക്ഷിക്കും – ഒരു നല്ല മനുഷ്യനാകാനും എന്റെ മൂന്ന് കുട്ടികളുടെ പിതാവാകാനും ശ്രമിക്കാന്‍. നിങ്ങള്‍ക്ക് ഞങ്ങളെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് ഞങ്ങളെ ശല്യപ്പെടുത്തരുത്, ഇനി ഞങ്ങളെ ഉപദ്രവിക്കരുത്,’ എന്നും റീത്ത അഭ്യര്‍ത്ഥിച്ചു.
സോഷ്യല്‍ മീഡിയയിലെ റീത്തയുടെ സമീപകാല അഭിമുഖങ്ങളും പരാമര്‍ശങ്ങളും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ്. വൈറല്‍ ഭയാനി, ഫിലിം വിന്‍ഡോ എന്നിവയ്ക്ക് നല്‍കിയ അഭിമുഖങ്ങളില്‍, ഗര്‍ഭിണിയായിരിക്കുമ്പോള്‍ സാനു തന്നോട് മോശമായി പെരുമാറിയെന്നും ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ചുവെന്നും റീത്ത ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് സോനുവിന്റെ അഭിഭാഷകര്‍ പറഞ്ഞു.
2001 ലെ വിവാഹമോചന കരാര്‍ പ്രകാരം ഇരു കക്ഷികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. റീത്ത ഈ കരാര്‍ ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 1986 ല്‍ വിവാഹിതരായ റീത്തയും സാനുവും ഏഴ് വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. 2001 ലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്.







