ന്യൂഡല്‍ഹി: ബലാത്സംഗം, മാനസിക പീഡനം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി.
1996-ല്‍ തന്റെ അമ്മാവന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും, ബലാത്സംഗം ചെയ്‌തെന്നും, ദുരുപയോഗം ചെയ്‌തെന്നും, സ്വത്ത് തട്ടിയെടുക്കാന്‍ തന്റെ ഐഡന്റിറ്റി മോഷ്ടിച്ചെന്നുമാണ് ഹസീന്റെ ആരോപണം. തന്നെ വിവാഹം കഴിക്കുന്നതിനുമുമ്പ് ഭര്‍ത്താവ് എട്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഹസീന്‍ ആരോപിച്ചു. പിതാവിനെ കേസില്‍ വലിച്ചിഴക്കരുതെന്നും ഹസീന്‍ അഭ്യര്‍ത്ഥിക്കുന്നു. പിതാവിന്റെ മരണത്തിനുശേഷം താനും അമ്മയും ഒറ്റപ്പെട്ടുവെന്നും തങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഹസീന്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത തന്നെ സമ്മര്‍ദ്ദം ചെലുത്തി വിവാഹം കഴിച്ചു, ഇത് തനിക്ക് വലിയ ആഘാതം ഉണ്ടാക്കുകയും മൂന്ന് ആത്മഹത്യാ ശ്രമങ്ങള്‍ക്ക് ഇടയാക്കിയെന്നും ഹസീന്‍ പറഞ്ഞു. കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്ത് കുടുംബത്തില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ പീഡനങ്ങള്‍ അക്കാലത്ത് സഹിക്കേണ്ടിവന്നു. പിതാവ് മരിച്ചതു പോലും രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്. ജീവിതം മടുത്ത് പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. രാജ്യത്തു മുത്തലാഖ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണ്. എനിക്കും നീതി വേണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണം. രാജ്യത്തെ നിയമങ്ങള്‍ ശക്തമാണെങ്കില്‍ സ്ത്രീകള്‍ക്കെതിരെ ക്രൂരമായി പെരുമാറാന്‍ ഒരാളും തയാറാകില്ലെന്നും ഹസീന്‍ പറഞ്ഞു.
1994 ജൂണ്‍ 25 നാണ് ഹൃദയാഘാതം മൂലം മസ്താന്‍ ഹാജി മരിക്കുന്നത്. റിയല്‍ എസ്റ്റേറ്റിലും കടല്‍ കള്ളക്കടത്തിലും മുംബൈയിലെ അധോലോകത്തിലെ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. ബോളിവുഡ് താരങ്ങളുമായും അദ്ദേഹം ബന്ധം നിലനിര്‍ത്തിയിരുന്നു.







