ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. ധാര്‍വാഡ് ഹുബ്ബള്ളി ഇനാം വീരപൂര്‍ സ്വദേശിയായ 20 കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവരാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ഗര്‍ഭിണിയായിരുന്നു മാന്യത. ലിംഗായത്ത് സമദായക്കാരിയായ യുവതിയും പട്ടികജാതി സമുദായക്കാരനായ വിവേകാനന്ദനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും ഒളിച്ചോടിപ്പോയി വിവാഹിതരായത്. വിവരമറിഞ്ഞ മാന്യതയുടെ വീട്ടുകാര്‍ വിവേകാനന്ദന്റെ വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് വിവാഹശേഷം ദമ്പതികള്‍ പൊലീസിന് മുന്നില്‍ ഹാജരായി. മാന്യതയെ വീട്ടില്‍ കയറ്റില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങള്‍ക്കിടയില്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. അവരെ ശല്യപ്പെടുത്തരുതെന്ന് വീട്ടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
വിവാഹശേഷം ഹാവേരിയിലേക്ക് താമസം മാറുകയായിരുന്നു ഇരുവരും. ഈമാസം 8 ന് മാന്യയും വിവേകാനന്ദനും ഇനാം വീരപൂരിലേക്ക് തിരിച്ചുവന്നിരുന്നു. പ്രസവ ആവശ്യത്തിന് ആധാര്‍ കാര്‍ഡുകളും മറ്റ് യോഗ്യതാപത്രങ്ങളും ഉള്‍പ്പെടെയുള്ള ചില രേഖകള്‍ എടുക്കുന്നതിനാണ് മാന്യയും വിവേകാനന്ദനും ഗ്രാമത്തിലെത്തിയതെന്ന് പറയുന്നു. ഞായറാഴ്ച വൈകുന്നേരം മാന്യതയുടെ പിതാവും ബന്ധുക്കളും ഫാമില്‍ എത്തി അക്രമം നടത്തുകയായിരുന്നു. വിവേകാനന്ദന്റെ മാതാവ് റെനവ്വയെയും ബന്ധു സുഭാഷിനെയും സംഘം ആക്രമിച്ചു. ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് മാന്യയുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ യുവതി മരണത്തിന് കീഴടങ്ങി. വിവരത്തെ തുടര്‍ന്ന് യുവതിയുടെ പിതാവ് പ്രകാശ്ഗൗഡ പാട്ടീല്‍, വീരനഗൗഡ പാട്ടീല്‍, അരുണഗൗഡ പാട്ടീല്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഹുബ്ബള്ളി റൂറല്‍ പൊലീസ് പറഞ്ഞു.








