ശ്രീനഗര്‍: ജമ്മുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ലഭിച്ചു. പൊലീസ് ഉപയോഗിക്കുന്ന തോക്കില്‍ ഘടിപ്പിക്കാവുന്ന ചൈനീസ് നിര്‍മ്മിത ദൂരദര്‍ശിനിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവിലെ സിദ്രയില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.
ചവറ് കൂനയില്‍ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്‌കോപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരം അറിയിച്ചു.
അന്വേഷണത്തില്‍ സ്‌നൈപ്പര്‍ കം അസോള്‍ട്ട് റൈഫിളില്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജമ്മുവിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്തിന് സമീപത്തുനിന്നാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് അതീവ ജാഗ്രതയിലാണ് ഉദ്യോഗസ്ഥര്‍.
മറ്റൊരു സംഭവത്തില്‍, സാംബയിലെ ദിയാനി ഗ്രാമത്തില്‍ നിന്നുള്ള തന്‍വീര്‍ അഹമ്മദ് എന്ന 24 കാരനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു പാകിസ്ഥാന്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്നുള്ള അഹമ്മദ് നിലവില്‍ സാംബയിലാണ് താമസിക്കുന്നത്. രണ്ട് സംഭവങ്ങളും തമ്മിലുള്ള സാധ്യമായ ബന്ധങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും
രണ്ട് കേസുകളിലും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.







