തലപ്പാടി: ഏത് കാലാവസ്ഥയിലും അഭിരുചിക്കൊത്ത മത്സ്യവുമായി തലപ്പാടിയില്‍ മത്സ്യ വിപണി പ്രവര്‍ത്തനമാരംഭിച്ചു.
അഭിരുചിക്കൊത്ത മത്സ്യം ഇവിടെ കിട്ടുമെന്നത് മത്സ്യ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുന്നു. വൈകുന്നേരത്തോടെ സജീവമാവുന്ന മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മീന്‍ വാങ്ങാന്‍ ധാരാളമാളുകള്‍ വൈകുന്നേരങ്ങളില്‍വിവിധ സ്ഥലങ്ങളില്‍ നിന്നു തലപ്പാടിയില്‍ എത്തുന്നു. അയക്കൂറ, സ്രാവ്, ആവോലി, ബാമീന്‍, ചെമ്മീന്‍, ഏരി പോലത്തെ വമ്പന്‍ മത്സ്യങ്ങള്‍ക്കൊപ്പം അയലയും മത്തിയും പോലുള്ള ചെറുമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. പല സ്ഥലങ്ങളിലും നിരവധി മത്സ്യമാര്‍ക്കറ്റുകള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അവിടങ്ങളിലൊന്നും ലഭിക്കാത്തത്ര മത്സ്യങ്ങള്‍ ഈ മത്സ്യ വില്‍പന കേന്ദ്രത്തില്‍ എത്തുന്നുവെന്നു ഉപഭോക്താക്കള്‍ പറയുന്നു. വിവിധ ഹാര്‍ബറുകളില്‍ നിന്നാണ് വലിയ മീനുകള്‍ ഇവിടെ എത്തിക്കുന്നത്. 10 മുതല്‍ 15 കിലോ വരെ തൂക്കം വരുന്ന അയക്കൂറ വരെ ഇവിടെ എത്തിക്കുന്നുണ്ട്. ഒപ്പം സാധാരണക്കാരുടെ ഏറ്റവും ചെറിയ മീനായ മത്തിയും ഇവിടെ ലഭിക്കും.
വികസനം എത്തിനോക്കാത്ത തലപ്പാടിയില്‍ മത്സ്യ വില്‍പന സ്റ്റാളുകളും തട്ടുകടകളും ധാരാളമായി എത്തിയത് തലപ്പാടിയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നെന്നു നാട്ടുകാര്‍ കരുതുന്നു. തലപ്പാടിയില്‍ ബസ്റ്റാന്റ് നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് സര്‍ക്കാരോ, തദ്ദേശസ്ഥാപനങ്ങളോ താല്‍പര്യം കാണിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്.






