കോംഗോ: വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പുറത്തിറങ്ങാനുള്ള ഗോവണികള്‍ എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്‍ഡു വിമാനത്താവളത്തിലാണ് സംഭവം.
ഇതിന്റെ വീഡിയോ വൈറലായി. എയര്‍ കോംഗോ വിമാനത്തിലെ യാത്രക്കാരാണ് സാഹസത്തിനു മുതിര്‍ന്നത്. ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ ചാടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ലഗേജുകള്‍ താഴെയുള്ള ഗ്രൗണ്ട് സ്റ്റാഫിന് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാട്ടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ കിന്‍ഡു വിമാനത്താവളം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സംഭവത്തില്‍ ഇതുവരെ വിമാനക്കമ്പനിയായ എയര്‍ കോംഗോ പ്രതികരിച്ചിട്ടില്ല. ഏതോപ്യന്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് 2024 ഡിസംബറില്‍ ആരംഭിച്ച എയര്‍ കോംഗോ ആഭ്യന്തര റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ 2025-ല്‍ റണ്‍വേ എക്സ്‌കര്‍ഷനുകളും ഗിയര്‍ തകര്‍ച്ചകളും ഉള്‍പ്പെടെ നിരവധി വ്യോമയാന സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ കിന്‍ഡു സംഭവം ഒരു ക്രാഷല്ല, മറിച്ച് ഒരു ഗ്രൗണ്ട് ഓപ്പറേഷന്‍ പ്രശ്നമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെ നടന്നുകൊണ്ടിരിക്കുന്ന ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ അടിസ്ഥാന സൗകര്യ വിടവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, എങ്കിലും വെല്ലുവിളികള്‍ ഏറെയാണ്.







