കാസർകോട്: ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷം ഇരിയണ്ണിയിൽ വീണ്ടും പുലിയുടെ ആക്രമണം. വളർത്തു പട്ടിയെ കടിച്ചു കൊണ്ടുപോയി. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ഇരിയണ്ണി കുണിയേരിയിലാണ് സംഭവം. വെള്ളാട്ട് നാരായണന്റെയും ഓമനയുടെയും വീട്ടിലെ നായയെ ആണ് പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി പിടികൂടുന്നത് ഇവരുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുലിയെ കണ്ട് നായ കുരക്കുന്നതും പിന്നീട് പുലി പിടിച്ചു കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. സമീപത്തെ വനത്തിലേക്കാണ് നായയുമായി പുലി ഓടിയത്. സംഭവത്തെ തുടർന്ന് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അടുത്തകാലത്തായി പുലി ഭീഷണിയുള്ള പ്രദേശമാണ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി. നിരവധി പട്ടികളെ പുലികൾ പിടികൂടി കൊന്നിട്ടുണ്ട്. കാനത്തൂർ പയർ പള്ളത്ത് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പുലി വളർത്തുനായ പിടികൂടിയിരുന്നു. വനം വകുപ്പ് രണ്ട് പുലികളെ കൊളത്തൂരിൽ കൂടുവെച്ചു പിടികൂടിയിരുന്നു. വീണ്ടും പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടർന്നതാണ് ശനിയാഴ്ച രാത്രി നടന്ന സംഭവം വ്യക്തമാക്കുന്നത്. വീണ്ടും പുലി എത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.







