കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
1956 ഏപ്രില്‍ നാലിനു കൂത്തുപറമ്പ്, പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം.
കതിരൂര്‍ ഗവ. സ്‌കൂളിലും പഴശ്ശിരാജ എന്‍ എസ് എസ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടി. പ്രശസ്ത നടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ചുവെന്നതാണ് ശ്രീനിവാസനെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നതും ശ്രീനിവാസന്റെ സവിശേഷതയാണ്. നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും അതിസൂക്ഷ്മമായി തന്നെ ആവിഷ്‌ക്കരിച്ചു.
ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1991ല്‍ ഇറങ്ങിയ ‘സന്ദേശം’ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 200ലധികം സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ പിഎ ബക്കറുടെ മണി മുഴക്കത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം.
വിമലയാണ് ഭാര്യ. നടന്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.








Pranamam