കാസര്‍കോട്: കിസ്തുമസ്-ന്യൂയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവു കടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് മൊറാദാബാദ് മഹ്ലാക്പൂര്‍ മാഫി സ്വദേശി നാജീര്‍(35) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ഇ സന്തോഷ് കുമാറും സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിലെ യുവാവക്കള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും നല്‍കാനായി ചെറു പാക്കറ്റുകളില്‍ നിറച്ച കഞ്ചാവാണ് യുവാവില്‍ നിന്ന് പിടികൂടിയത്. നീര്‍ച്ചാല്‍ ഭാഗത്തെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് ഇയാള്‍. കേസ് രേഖകളും തൊണ്ടിമുതലുകളും കുമ്പള റെയിഞ്ചിന് കൈമാറി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ പി രതീഷ്, എവി പ്രശാന്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) കെ നൗഷാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെഎ ജനാര്‍ദ്ദനന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







