തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുഫലം അറിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു. ബിജെപിക്ക് വന്‍ഭൂരിപക്ഷമുള്ള കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് അറിയുന്നത്.
ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കുക. ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികള്‍ വരെയുള്ളവരുടെ യോഗവും ജില്ലാ കോര്‍ കമ്മിറ്റിയും ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടര്‍ തീരുമാനങ്ങള്‍.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍എസ്എസ് സമര്‍പ്പിച്ചിട്ടുള്ള പേരുകള്‍ കൂടി പരിശോധിച്ച ശേഷമേ അന്തിമ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളൂ. മേയര്‍ സ്ഥാനത്തേക്ക് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുന്‍ കൗണ്‍സിലുകളില്‍ അംഗങ്ങളായവര്‍ തന്നെയാണ് നിലവിലെ കൗണ്‍സിലിലും ഉള്ളത്. പരിചയ സമ്പത്ത് പരിഗണിച്ചാല്‍ ഇവരില്‍ മിക്കവര്‍ക്കും സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കും.







