ചന്ദ്രപൂര്‍: കൃഷി വിപുലീകരിക്കാന്‍ ഒരു ലക്ഷം രൂപ വായ്പ എടുത്ത കര്‍ഷകനോട് 74 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട പലിശക്കാര്‍ക്ക് പണം തിരിച്ചടയ്ക്കുന്നതിനായി സ്വന്തം വൃക്ക വിറ്റ് കര്‍ഷകന്‍. ദിവസവും 10,000 രൂപ പലിശ നല്‍കണമെന്ന വ്യവസ്ഥയിലാണ് രണ്ട് പലിശക്കാരില്‍ നിന്ന് കര്‍ഷകന്‍ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാല്‍ പലിശ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കടം 74 ലക്ഷം രൂപയായതെന്ന് പലിശക്കാര്‍ പറയുന്നു. ഇത്രയും പണം എവിടെ നിന്നെടുത്ത് പലിശക്കാര്‍ക്ക് കൊടുക്കുമെന്ന് വേവലാതിപ്പെട്ട കര്‍ഷകന് പലിശക്കാര്‍ അതിനുള്ള ഉപായവും പറഞ്ഞുകൊടുത്തു.
വൃക്ക വിറ്റാല്‍ ഇത്രയം പണം കിട്ടുമെന്ന പലിശക്കാരുടെ നിര്‍ദേശത്തിന് നിസ്സഹായനായ കര്‍ഷകന് ഒടുവില്‍ വശംവദനാകേണ്ടി വന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ റോഷന്‍ സദാശിവ് കുഡെയാണ് പലിശക്കാരുടെ ഉപദ്രവം കാരണം വൃക്ക വിറ്റ നിസ്സഹായന്‍.
കൃഷിയില്‍ തുടര്‍ച്ചയായി നഷ്ടം വന്നപ്പോഴാണ് രണ്ട് പശുക്കളെ വാങ്ങാന്‍ ബ്ലേഡില്‍ നിന്ന് അദ്ദേഹം ഒരു ലക്ഷം രൂപ കടം എടുത്തത്. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നല്‍കാമെന്ന ഉറപ്പിലായിരുന്നു വായ്പയെടുത്തത്. എന്നാല്‍ അതിനു മുന്‍പ് തന്നെ പശുക്കള്‍ ചത്തു. അത് റോഷനെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിട്ടു. പിന്നാലെ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് പലിശക്കാര്‍ അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.
കടം വീട്ടാനായി രണ്ടേക്കര്‍ കൃഷിഭൂമി, ട്രാക്ടര്‍, വാഹനങ്ങള്‍, സ്വര്‍ണം എന്നിവ വിറ്റതിനുശേഷവും, പണമിടപാടുകാര്‍ വിട്ടില്ല. ഇതോടെ ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങി നല്‍കി. എന്നിട്ടും മതിവരാതെ പലിശക്കാര്‍ കര്‍ഷകനോട് വൃക്ക വില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ കര്‍ഷകന്‍ വൃക്ക വില്‍ക്കുകയായിരുന്നു.







