കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വം മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക്. ഏപ്രില്‍ മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. മൂന്നാം തുടര്‍ ഭരണമെന്ന ദൗത്യത്തിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വി ഇടതു മുന്നണിയെ കനത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി മുന്നണിയും സി പി എമ്മും ഒരുങ്ങുകയെന്നാണ് സൂചന. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുക എന്നാണ് സൂചന.
ഉദുമ നിയമസഭാ മണ്ഡലത്തില്‍പ്പെടുന്ന ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ, മുളിയാര്‍, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകള്‍ കാലങ്ങളായി ഇടതു മുന്നണിക്കൊപ്പമാണ്. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയത് യു ഡി എഫാണ്. ചെമ്മനാട്, ഉദുമ, മുളിയാര്‍, ദേലമ്പാടി പഞ്ചായത്തുകളില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. മുളിയാറും ദേലംപാടിയും ഉദുമയും എല്‍ ഡി എഫില്‍ നിന്നു പിടിച്ചെടുത്താണ് യു ഡി എഫ് കരുത്തുകാട്ടിയത്. പുല്ലൂര്‍ പെരിയയില്‍ യു ഡി എഫിനു ഭൂരിപക്ഷം നഷ്ടമായെങ്കിലും ഒന്‍പതു സീറ്റുകള്‍ നേടി ഇടതു മുന്നണിക്കൊപ്പമുണ്ട്.
ബേഡകത്തും കുറ്റിക്കോലിലും സി പി എമ്മിനു ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ ഇവിടത്തെ പ്രകടനം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
മുളിയാര്‍ പഞ്ചായത്തില്‍ ദയനീയ തോല്‍വി ഉണ്ടായത് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന വിലയിരുത്തലുമുണ്ട്. ദേലംപാടിയില്‍ സി പി എമ്മിനു ഭരണം നഷ്ടപ്പെടുകമാത്രമല്ല, പാര്‍ട്ടിയെ വെല്ലുവിളിച്ച് റിബലായി മത്സരിച്ച മൂന്നു പേര്‍ വിജയിച്ചത് സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു. ആകെയുള്ള 17 വാര്‍ഡുകളില്‍ അഞ്ചുവീതം ഇടതു മുന്നണിയും ബി ജെ പിയും സ്വന്തമാക്കിയപ്പോള്‍ യു ഡി എഫ് നാലു സീറ്റുകള്‍ നേടി. സി പി എം റിബലുകളായി മത്സരിച്ച് വിജയിച്ച രത്തനും മുസ്തഫ ഹാജിയും ഐത്തപ്പയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.







