പെരിങ്ങോട്ടുകുറിശ്ശിയില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ് തോറ്റു

പാലക്കാട്‌: എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോറ്റു. ഗോപിനാഥിന്‍റെ സ്വതന്ത്ര ജനാധിപത്യ മുന്നണി എല്‍ഡിഎഫിനോട് ചേര്‍ന്നാണ് മല്‍സരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയോട് 130 വോട്ടിനാണ് എ.വി ഗോപിനാഥ് തോറ്റത്. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കുമെന്നും സി.പി.ഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് മത്സരത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം അവർക്കുണ്ടാക്കാൻ സാധിച്ചിട്ടില്ല. സിപിഐയ്ക്കൊപ്പം ലീഗിലെ ഒരു വിഭാഗവും തനിക്ക് വോട്ടുചെയ്യുമെന്നായിരുന്നു ഗോപിനാഥ് നേരത്തെ അവകാശപ്പെട്ടിരുന്നത്. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടിയിരുന്നു. അതേസമയം, പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്. എല്‍ഡിഎഫിനെ പിന്നിലാക്കിയാണ് ബിജെപി കുതിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫും ലീഡ് ഉയര്‍ത്തുകയാണ്. കോഴിക്കോട്, കൊല്ലം കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ കോര്‍പറേഷനിലെ 14ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്ത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുന്നുണ്ട്. അതേസമയം തിരുവനന്തപുരത്ത് എല്‍ഡിഎഫ്–ബിജെപി പോര് മുറുകി. കഴക്കൂട്ടം മേഖലയില്‍ ബിജെപി ലീഡ് ചെയ്യുന്നു. തമ്പാന്നൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page