തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ടു ചെയ്തത് വിവാദമാകുന്നു. കോണ്‍ഗ്രസും സിപിഐയും ആണ് ഇതിനെതിരെ രംഗത്തുവന്നത്. എന്നാല്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്‌നമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായപ്പെട്ടു. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നെട്ടിശേരിയിലെ വിലാസത്തിലാണ് സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വോട്ട് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ശാസ്തമംഗലത്തും വോട്ടു ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ആദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്നും ഒരു സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു.







