കൊല്ലം: അഞ്ചലിൽ ശബരിമല തീർഥാടകരുടെ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച ബന്ധുക്കളായ രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22 ), യാത്രക്കാരായ ജ്യോതിലക്ഷ്മി ( 21), കരവാളൂർ സ്വദേശി ശ്രുതിലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം ആയിരുന്നു അപകടം. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. ഓട്ടോ ഡ്രൈവർ അക്ഷയ് അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലും പുനലൂരിലെ താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.







