മുംബൈ: സംഗീത സംവിധായകന്‍ പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം ഭാരത് മണ്ഡപത്തില്‍ നടന്ന ആമസോണ്‍ സംഭവ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ഥന.
ഉച്ചകോടിയില്‍ വച്ച് 2013ലെ തന്റെ അരങ്ങേറ്റം മുതല്‍ കഴിഞ്ഞ മാസം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളില്‍ ഒരാളായി മാറിയ യാത്രയെക്കുറിച്ചും മന്ഥന സംസാരിച്ചു. ക്രിക്കറ്റിനേക്കാള്‍ ആഴത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊന്നും തനിക്കില്ലെന്ന് പറഞ്ഞ താരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ തനിക്ക് മനസിലായ ഏറ്റവും വ്യക്തമായ സത്യം ഇതാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ജീവിതത്തില്‍ ക്രിക്കറ്റിനേക്കാള്‍ കൂടുതലായി മറ്റൊന്നിനേയും ഞാന്‍ സ്‌നേഹിച്ചതായി തോന്നുന്നില്ല. രാജ്യത്തിനായി ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ വേറൊരു കാര്യവും എന്റെ മനസ്സില്‍ ഉണ്ടാകില്ല. ഇന്ത്യയ്ക്കായി കളിക്കുക. ജയിപ്പിക്കുക എന്നു മാത്രമാകും എന്റെ ലക്ഷ്യം.
ജഴ്‌സിയില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ഈ ജഴ്‌സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്നു ഞാന്‍ പറയാറുണ്ട്. കാരണം നിങ്ങള്‍ കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ്. അതിന്റെ ഉത്തരവാദിത്തമുണ്ടാകും. യാതൊരു പാളിച്ചകളുമില്ലാതെ കളിക്കാന്‍ നിങ്ങള്‍ക്ക് അതു മതിയാകും.
ചെറുപ്പം മുതലേ ബാറ്റിംഗിനോടുള്ള ഭ്രാന്ത് എപ്പോഴും ഉണ്ടായിരുന്നു. ആര്‍ക്കും അത് മനസിലായില്ലെങ്കിലും, എന്റെ മനസ്സില്‍ എനിക്ക് എപ്പോഴും ഒരു ലോക ചാമ്പ്യന്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും നിരാശകള്‍ക്കുമുള്ള പ്രതിഫലമാണ് ലോകകപ്പ് വിജയം. വര്‍ഷങ്ങളായി ഞങ്ങള്‍ നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമായിരുന്നു ഈ ലോകകപ്പ്. ഞങ്ങള്‍ അതിനുവേണ്ടി തീവ്രമായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ 12 വര്‍ഷത്തിലേറെയായി കളിക്കുന്നു, പലപ്പോഴും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. ഫൈനലിന് മുമ്പ് ഞങ്ങള്‍ ഇത് ദൃശ്യവല്‍ക്കരിച്ചു, ഒടുവില്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് രോമാഞ്ചമുണ്ടായി. അതൊരു അവിശ്വസനീയവും പ്രത്യേകവുമായ നിമിഷമായിരുന്നു,’ എന്നും സ്മൃതി പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സ്മൃതി വൈസ് ക്യാപ്റ്റനായി കളിക്കും. പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങള്‍ തിരുവനന്തപുരത്താണ് നടക്കേണ്ടത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് പലാശ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹ ദിവസം രാവിലെ സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ ചടങ്ങുകള്‍ മാറ്റുകയായിരുന്നു.
പുതുക്കിയ തീയതി സംബന്ധിച്ച് ദിവസങ്ങളോളം അനിശ്ചിതത്വം തുടര്‍ന്നെങ്കിലും, വിവാഹത്തില്‍നിന്നു പിന്‍മാറുകയാണെന്ന് സ്മൃതിയും പലാശ് മുച്ചലും സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. പിതാവ് ആശുപത്രിയിലായതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സമൂഹമാധ്യമത്തില്‍നിന്നു നീക്കിയിരുന്നു.
പലാഷ് മുച്ചലുമായി നടത്താനിരുന്ന വിവാഹം ഇരു കുടുംബങ്ങളും ചേര്‍ന്ന് വേണ്ടെന്ന് വെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ സ്മൃതി പൊതുവേദിയില്‍ എത്തുന്നത്.







