തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിൽ എത്തും. ഏഴ് ജില്ലകളിലായി ആകെ 15337176 വോട്ടർമാരുണ്ട്. (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 38994 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോർപ്പറേഷൻ – 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് – 1177, ജില്ലാ പഞ്ചായത്ത് വാർഡ് – 182, മുനിസിപ്പാലിറ്റി വാർഡ് – 1829, കോർപ്പറേഷൻ വാർഡ് – 188) ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ 5 വാർഡുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാലും മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നും വോട്ടെടുപ്പ് ഉണ്ടായിരിക്കില്ല. കണ്ണൂരിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടികുണ്ട്, അഞ്ചാം പീടിക എന്നീ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിൽ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹസീന മരണപ്പെട്ടതിനാൽ ആ വാർഡിലെ വോട്ടെടുപ്പു മാറ്റിവച്ചിട്ടുണ്ട്.കാസർർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിൽ 6 വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതിനാൽ ഗ്രാമപഞ്ചായത്ത് വാർഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.







