മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമായി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നുള്ള വേദ പരേഷ്. 100 മീറ്റര്‍ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന റെക്കോര്‍ഡ് ആണ് ഈ ഒരു വയസ്സുകാരി സ്ഥാപിച്ചത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തു.
ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നുള്ള ഔദ്യോഗിക മെയില്‍ കാണിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് വേദ പരേഷിന്റെ നേട്ടം പരസ്യപ്പെടുത്തിയത്. വേദ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയതായി ഇമെയിലില്‍ പറഞ്ഞിരുന്നു, ഇത് നാല് ലാപ്പുകള്‍ക്ക് തുല്യമാണ്. രത്നഗിരിയിലെ മുനിസിപ്പല്‍ നീന്തല്‍ക്കുളത്തില്‍ 10 മിനിറ്റും 8 സെക്കന്‍ഡും കൊണ്ടാണ് ഈ കൊച്ചുമിടുക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 1 വയസ്സും 9 മാസവും 10 ദിവസവും മാത്രമാണ് വേദയുടെ പ്രായം.
ഈ പ്രായത്തില്‍ നേട്ടം സ്വന്തമാക്കുന്നത് അസാധാരണ നാഴികക്കല്ലാണെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വേദയുടെ നേട്ടത്തെ ആദരിച്ചുകൊണ്ട് പറഞ്ഞിരുന്നു. നവംബര്‍ 25-ന് അയച്ച മെയില്‍, ‘100 മീറ്റര്‍ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി വേദ മാറി. 2024 ജനുവരി 22-ന് രത്നഗിരിയില്‍ ജനിച്ച വേദ പരേഷ് സര്‍ഫാരെയാണ് 100 മീറ്റര്‍ നീന്തലില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്’ എന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ വേദയുടെ നീന്തലിന്റെ നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. കൊച്ചു പെണ്‍കുട്ടി ആത്മവിശ്വാസത്തോടെ കുളത്തിലേക്ക് മുങ്ങുന്നതും ലാപ്പുകള്‍ അനായാസമായി പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. 25 മീറ്റര്‍ നീളമുള്ള പൂളില്‍ നാല് ലാപ്പുകള്‍ ഉള്‍പ്പെടുന്ന ദൂരം വേദ പൂര്‍ത്തിയാക്കിയത് 10 മിനിറ്റും 8 സെക്കന്‍ഡും കൊണ്ടാണ്.
പ്രാദേശിക മുനിസിപ്പല്‍ നീന്തല്‍ കുളത്തില്‍ ചേട്ടന്‍ പരിശീലിക്കുന്നതിനോടൊപ്പം വേദയുടെയും നീന്തല്‍ യാത്ര ആരംഭിക്കുകയായിരുന്നു. കോച്ച് മഹേഷ് മില്‍കെയുടെയും ഭാര്യ ഗൗരി മില്‍കെയുടെയും മേല്‍നോട്ടത്തില്‍ ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരിശീലനം തുടങ്ങി. വെറും 11 മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ് ഈ വലിയ നേട്ടം വേദ സ്വന്തമാക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ആത്മവിശ്വാസത്തോടെ വേദ വെള്ളത്തിലേക്ക് ഊളിയിടുന്നതും അനായാസം ഓരോ ലാപ്പും പൂര്‍ത്തിയാക്കുന്നതും കാണാം.







