ന്യൂഡല്‍ഹി: വിമാന സര്‍വീസുകളിലെ തടസ്സങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ച യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ യാത്രാ വൗച്ചറുകളും പ്രഖ്യാപിച്ച് ഇന്‍ഡിഗോ. 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്നാണ് വ്യാഴാഴ്ച ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഇന്‍ഡിഗോ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പുറമെ 10,000 രൂപ വിലമതിക്കുന്ന യാത്രാ വൗച്ചറുകളും നൽകും. അടുത്ത 12 മാസത്തിനുള്ളില്‍ ഇന്‍ഡിഗോയിലെ ഏതൊരു യാത്രക്കും ഈ വൗച്ചറുകള്‍ ഉപയോഗിക്കാവുന്നതാണ്.
റദ്ദാക്കിയ വിമാനങ്ങളുടെ ആവശ്യമായ എല്ലാ റീഫണ്ടുകളും ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് ആവർത്തിച്ചു പറഞ്ഞു. ഇതിൽ മിക്കതും ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരുടെ അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു, ബാക്കിയുള്ളവ ഉടൻ നൽകും.
ഒരു യാത്രാ പങ്കാളി പ്ലാറ്റ്ഫോം വഴിയാണ് ബുക്കിംഗ് നടത്തിയതെങ്കില്‍, അതു റീഫണ്ട് ചെയ്യാനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കമ്പനിയുടെ സിസ്റ്റത്തില്‍ ഇല്ലാത്തതിനാല്‍, [email protected] എന്ന വിലാസത്തില്‍ അവ കമ്പനിയെ അറിയിക്കണമെന്നു അഭ്യർത്ഥിച്ചു.







