കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെയുള്ള ഏഴു ജില്ലകളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബോവിക്കാനം, കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി 207 ബസുകളും 111 മിനി ബസുകളും 69 ട്രാവലറുകളും 32 ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കായി കാസര്‍കോട് ജില്ലയില്‍ 2885 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ത്ഥികളും ആറു ബ്ലോക്ക് പഞ്ചായത്തുകളിലായി 293 പേരും 38 ഗ്രാമ പഞ്ചായത്തുകളിലേക്ക് 2167 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലേക്ക് 333 പേരാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 1400 പൊലീസുകാര്‍ ജില്ലയില്‍ അധികമായി എത്തിയിട്ടുണ്ട്. ജില്ലയില്‍ നിലവിലുള്ള 1400 പൊലീസുകാര്‍ക്ക് പുറമെയാണിത്. ഒരു കമ്പനി ദ്രുതകര്‍മ്മ സേനയും ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറെയുള്ള ബേക്കല്‍, കാഞ്ഞങ്ങാട് സബ് ഡിവിഷനുകളിലേക്കാണ് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചത്. പാലക്കാട്, തൃശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെയാണ് വോട്ടെടുപ്പ്.









