കാസര്‍കോട്: റോഡ് സൈഡില്‍ നിറുത്തിയിരുന്ന സ്‌കൂട്ടറിനടുത്തു നിന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടറോടിച്ചുവെന്നാരോപിച്ചു പൊലീസ് ആര്‍സി ഓണറും സഹോദരിയുമായ യുവതിക്കെതിരെ കേസെടുത്തതായി പരാതി. ചേരൂര്‍ മേനങ്കോട്ടെ മാജിദ നസ്രീനാ(19)ണ് വിദ്യാനഗര്‍ എസ്‌ഐ അനൂപിനെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. ഞായറാഴ്ച വൈകിട്ട് സഹോദരങ്ങളായ ഇരുവരും ചെര്‍ക്കളയില്‍ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. സഹോദരന്‍ കരിം (14)സ്‌കൂട്ടറിന്‍ പിന്‍സീറ്റു യാത്രക്കാരനായിരുന്നുവത്രെ. കടക്കടുത്തു സ്‌കൂട്ടര്‍ നിറുത്തി ഇരുവരും കടക്കടുത്തേക്ക് പോയെങ്കിലും സഹോദരന്‍ തിരിച്ചു വന്നു സ്‌കൂട്ടറിനടുത്തു നിന്നു. ആ സമയത്ത് അതുവഴി പോവുകയായിരുന്ന പൊലീസ് കരീമാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നാരോപിച്ചു. അതിനിടയില്‍ തിരിച്ചെത്തിയ മാജിദ നസ്രീന്‍ താനാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നു പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിറ്റേന്ന് സ്‌കൂട്ടര്‍ വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയെങ്കിലും അതിനു മുമ്പു പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തുവെന്നാരോപിച്ചു ആര്‍സി ഓണറായ മാജിദക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നുവത്രെ. ഇതിനെതിരെയാണ് മാജിദ എസ്.പിക്കു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.







