കാസര്‍കോട്: കാറിന് അരികില്‍ ബസ് ഉരസിയെന്നാരോപിച്ച് സ്വകാര്യബസ് ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി എം.അബ്ദുള്‍ ഖാദര്‍ (35), നങ്ങാരത്ത് മുഹമ്മദ് നവാസ് (37) എന്നിവരെയാണ് ചന്തേര എസ്.ഐ ജിയോ സദാനന്ദന്‍ അറസ്റ്റു ചെയ്തത്. ഒരാളെ കൂടി പിടികൂടാനുണ്ട്. സ്വകാര്യ ബസ് ഡ്രൈവര്‍ പെരുമ്പട്ടയിലെ എം.റുബൈസ് (24)ന്റെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തൃക്കരിപ്പൂര്‍ മാര്‍ക്കറ്റിന് സമീപം വെച്ചാണ് ബാവാസ് ബസ് ഡ്രൈവറായ പരാതിക്കാരനെയും കണ്ടക്ടറെയും പ്രതികള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. പരിക്കേറ്റ ജീവനക്കാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അതേസമയം ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കാര്‍ ഉടമയെ മര്‍ദ്ദിച്ചുവെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.







