കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡിയും അറിയിച്ചു. കൊട്ടിക്കലാശം നടക്കുന്ന സമയത്ത് മസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള മുന്‍കൂര്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പോളിംഗ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
ജില്ലയില്‍ 436 സെന്‍സിറ്റീവ് ബൂത്തുകളും 97 ക്രിട്ടിക്കല്‍ ബൂത്തുകളും ഉള്ളതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
11ന് രാവിലെ എഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ നടക്കുന്ന പോളിംഗ് സമാധാനപരമാക്കുന്നതിനു വേണ്ടി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും അഭ്യര്‍ത്ഥിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊലീസും ദ്രുതകര്‍മ്മസേനയും റൂട്ട് മാര്‍ച്ച് ആരംഭിച്ചു. തിങ്കളാഴ്ച നെല്ലിക്കുന്നിലും കറന്തക്കാട് മുതല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റുവരെയും റൂട്ട് മാര്‍ച്ച് നടത്തി. എ എസ് പി എം നന്ദഗോപന്‍, ദ്രുതകര്‍മ്മസേന ഇന്‍സ്‌പെക്ടര്‍ ജെ ആല്‍ബര്‍ട്ട്, അസി. ഇന്‍സ്‌പെക്ടര്‍മാരായ ജപകുമാര്‍, കെ കെ ജയ നേതൃത്വം നല്‍കി. മറ്റു സ്ഥലങ്ങളില്‍ ഉച്ച കഴിഞ്ഞും ചൊവ്വാഴ്ചയും റൂട്ട് മാര്‍ച്ച് നടത്തും.








