കൊച്ചി: ഏറെ സൃഷ്ടിച്ച നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കേരളം കാത്തിരുന്ന വിധി ഇന്ന്. രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് ആണ് നിർണായകമായ വിധി പ്രസ്താവിക്കുക. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. കേസിൽ 10 പ്രതികൾ ആണുള്ളത്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, പി.ഗോപാലകൃഷ്ണൻ (ദിലീപ്), സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത്ത് എന്നിവരാണ് 1 മുതൽ 10 വരെ പ്രതികൾ. വിധി പറയുമ്പേൾ പ്രതികളും കോടതിയിൽ ഹാജാരാകേണ്ടതുണ്ട്.







