കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തുമോ?, എല്‍ ഡി എഫ് തിരിച്ചു പിടിക്കുമോ?. വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി തുടരുന്നതിനിടയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി തിങ്കളാഴ്ച വൈകുന്നേരം പെരിയയില്‍ എത്തും. യു ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയയില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
രണ്ടുവാര്‍ഡുകള്‍ വര്‍ധിച്ച് 19 വാര്‍ഡുകളാണ് ഇത്തവണ പുല്ലൂര്‍ പെരിയ പഞ്ചായത്തിൽ ഉള്ളത്. ഇതില്‍ 11 മുതല്‍ 13 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് യു ഡി എഫിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ ഇത്തവണ പൂവണിയില്ലെന്നും 11 വരെ സീറ്റുകള്‍ നേടി പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ് . വിഷ്ണുമംഗലം, കേളോത്ത് വാര്‍ഡുകളിലാണ് ബി ജെ പിയുടെ പ്രതീക്ഷ.
അതേസമയം കൊടവലം, പെരിയ ടൗണ്‍, പെരിയ ബസാര്‍ വാര്‍ഡുകളില്‍ കനത്ത പോരാട്ടത്തിനാണ് ഇക്കുറി അരങ്ങൊരുങ്ങിയത്. കൊടവലം വാര്‍ഡ് പിടിക്കാന്‍ എല്‍ ഡി എഫ് കനത്ത പോരാട്ടത്തിലാണ്. പെരിയ ടൗണ്‍ വാര്‍ഡു നിലനിര്‍ത്താനും പെരിയ ബസാര്‍ വാര്‍ഡ് പിടിച്ചെടുക്കാനും കഴിയുമെന്നാണ് യു ഡി എഫിന്റെ കണക്കു കൂട്ടല്‍. കൂട്ടലും കിഴിക്കലും അവസാന ലാപ്പിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കെ, പുല്ലൂര്‍ പെരിയയിലെ തെരഞ്ഞെടുപ്പു രംഗം തിളച്ചു മറിയുകയാണ്.







