കാസര്‍കോട്: ഡിസംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് സമാപിക്കും. കേരളത്തിലെ വനമേഖലയില്‍ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ്. കാസര്‍കോട് ജില്ലയില്‍ ആറു ബ്ലോക്കുകളിലായിട്ടാണ് സര്‍വ്വെ. നിര്‍ദ്ദിഷ്ട ബ്ലോക്കുകളില്‍ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാല്‍പാടുകളും വിസര്‍ജ്ജ്യവും ചുരണ്ടല്‍ അടയാളങ്ങളും ഗന്ധങ്ങള്‍, മരങ്ങളിലുള്ള നഖ പാടുകള്‍, മരങ്ങളില്‍ മൃഗങ്ങള്‍ ഉരസിയ പാടുകള്‍, ശബ്ദസൂചനകള്‍, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ സര്‍വ്വേനടന്നത്. തുടര്‍ന്നുള്ള രണ്ട് ദിവസം നിശ്ചിത ബ്ലോക്കിനുളളില്‍ രണ്ട് കിലോമീറ്റര്‍ നേര്‍രേഖയില്‍ നീരീക്ഷണപാത തീര്‍ക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിരാവിലെ വന്യജീവിയെയും കൂട്ടങ്ങളെയും നേരില്‍ കാണുന്നത് രേഖപ്പെടുത്തിയും രണ്ട് കിലോമീറ്ററിനുള്ളില്‍ ഓരോ നാന്നൂറ് മീറ്റര്‍ അവസാനിക്കുന്ന പോയിന്റുകളിലും പതിനഞ്ച് മീറ്റര്‍ വൃത്തപരിധിയില്‍ വളര്‍ന്ന രണ്ട് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സസ്യജാതികളുടെ ഇനവും തരവും രേഖപ്പെടുത്തി. തുടര്‍ന്ന് അഞ്ച് മീറ്റര്‍ വൃത്തപരിധിയിലുള്ള നാല്പത് സെന്റിമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ ഉയരം വരുന്ന എല്ലാ കുറ്റിചെടികളും അധിനിവേശ സസ്യങ്ങളുടെയും കണക്കെടുപ്പും എടുത്തു. ഒരു മീറ്റര്‍ വൃത്തപരിധിയിലെ നാല്പത് സെ.മീറ്ററിന് താഴെയുള്ള ചെറുസസ്യങ്ങളും അവയുടെ വ്യാപ്തിയും തരവും കാടിനകത്തുള്ള മനുഷ്യ ഇടപെടലും പ്രത്യേകമായി രേഖപ്പെടുത്തി. കൂടാതെ രണ്ട് മീറ്റര്‍ വീതിയിലും ഇരുപത് മീറ്റര്‍ ദീര്‍ഘ ചതുരത്തിലുള്ള പ്ലോട്ടില്‍ നിന്നും ഇരജീവികളുടെ കാഷ്ഠത്തിന്റെയും മറ്റും കണക്കെടുപ്പും നടത്തി.കൂടാതെ നേരില്‍ കാണുന്ന കഴുകന്റെയും പ്രധാനപ്പെട്ട മറ്റു പക്ഷികളേയും സര്‍വ്വേയുടെ ഭാഗമായി. എം – സ്‌ട്രൈപ്പ് മൊബൈല്‍ ആപ്പിന്റെ ഇക്കോളജിക്കല്‍ മോഡ്യൂളിലെ വിവിധ ഫോമുകള്‍ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തിയത്.
ജില്ലയില്‍ മുളിയാര്‍, കാറഡുക്ക, പരപ്പ, അഡൂര്‍, മണ്ടക്കേല്‍,പനത്തടി എന്നി ഭാഗങ്ങളിലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തിയതെന്നു കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു പറഞ്ഞു. ജില്ലയിലെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും ജില്ലാ കോര്‍ഡിനേറ്ററുമായ സി വി വിനോദ് കുമാര്‍, കാഞ്ഞങ്ങാട്
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ എ ബാബു, ബി.ശേഷപ്പ, ബി എസ് വിനോദ് കുമാര്‍, എം പി രാജു എം ചന്ദ്രന്‍ വിവിധ ബ്ലോക്കുകളുടെ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജി അര്‍ജുന്‍, കെ.ജി അനൂപ്, എസ് അഭിലാഷ്, ബി വിനീത്, ആര്‍ അരുണ്‍, വി വിനീത്, കെ.പി അഭിലാഷ്, കെ വിശാഖ് എം എന്‍ സുജിത്ത്, വിഗ്‌നേഷ് വിജയന്‍ ഡോണ കെ. അഗസ്റ്റിന്‍, എന്‍ ജി ഒ ജയറാം കുട്ടിയാനം, കാസര്‍കോട് ഗവ: കോളേജ് ജന്തുശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥികളായ വി സ്വാതി, ഫാത്തിമ മുര്‍ഷാന, കെ. ഗീതു വിവിധ ബീറ്റുകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാര്‍, വനം താല്‍ക്കാലിക ജീവനക്കാര്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, എന്‍ ജി ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







