കറാച്ചി: തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായുള്ള ആരോപണവുമായി പാക് യുവതി. കറാച്ചി നിവാസിയായ നികിത നാഗ് ദേവ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ അധികൃതര്‍ പുറത്തുവിട്ടു.
2020 ജനുവരി 26 ന് കറാച്ചിയില്‍ വച്ച്, ദീര്‍ഘകാല ഇന്ത്യന്‍ വിസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വംശജനായ വിക്രം നാഗ് ദേവിനെ ഹിന്ദു ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വിവാഹം കഴിച്ചതായി നികിത വിഡിയോയില്‍ പറയുന്നു.
ഒരു മാസത്തിനുശേഷം, ഫെബ്രുവരി 26 ന്, വിക്രം തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവിടെ തനിക്ക് അതിക്രൂരമായ സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നതെന്ന് നികിത പറയുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഭര്‍തൃപിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നും നികിത പറഞ്ഞു.
2020 ജൂലൈ 9 ന്, അട്ടാരി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി വിസയില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് നിര്‍ബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാന്‍ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നുവെന്നും നികിത ആരോപിക്കുന്നു.
‘ഇന്ന് നീതി ലഭിച്ചില്ലെങ്കില്‍, സ്ത്രീകള്‍ക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. പല പെണ്‍കുട്ടികളും അവരുടെ വിവാഹ വീടുകളില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നു. എല്ലാവരും എന്നോടൊപ്പം നില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ ‘ഇന്ത്യയില്‍ എല്ലാ സ്ത്രീകളും നീതി അര്‍ഹിക്കുന്നു,’ എന്നും അവര്‍ പറഞ്ഞു.
കോവിഡ്-19 ലോക്ക് ഡൗണ്‍ സമയത്ത്, വിക്രം പാകിസ്ഥാനിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിനുശേഷം ഇന്ത്യയിലേക്കുള്ള തന്റെ തിരിച്ചുവരവ് തടഞ്ഞുവെന്നും നികിത പറയുന്നു. കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷമാണ് ഡല്‍ഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത അറിയുന്നത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നല്‍കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
മധ്യപ്രദേശ് ഹൈക്കോടതി അംഗീകരിച്ച സിന്ധി പഞ്ച് മീഡിയേഷന്‍ ആന്‍ഡ് ലീഗല്‍ കൗണ്‍സില്‍ സെന്റര്‍ ഈ വിഷയം പരിഗണിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്രമിനും അദ്ദേഹം വിവാഹനിശ്ചയം നടത്തിയതായി പറയപ്പെടുന്ന സ്ത്രീക്കും നോട്ടീസ് നല്‍കി, വാദം കേട്ടു. എന്നിരുന്നാലും, മധ്യസ്ഥത പരിഹാരം കണ്ടില്ല.
2025 ഏപ്രില്‍ 30 ലെ റിപ്പോര്‍ട്ടില്‍, നികിതയോ വിക്രമോ ഇന്ത്യന്‍ പൗരന്‍മാരല്ലാത്തതിനാല്‍, തര്‍ക്കം പാകിസ്ഥാന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് കേന്ദ്രം നിഗമനം ചെയ്തു. വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്താനും അവര്‍ ശുപാര്‍ശ ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2025 മെയ് മാസത്തില്‍, നികിത ഇന്‍ഡോര്‍ സോഷ്യല്‍ പഞ്ചായത്തിനെയും പരാതിയുമായി സമീപിച്ചിരുന്നു. പഞ്ചായത്ത് വിക്രമിനെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ഇന്‍ഡോര്‍ കലക്ടര്‍ ആശിഷ് സിംഗ് പിന്നീട് സ്ഥിരീകരിച്ചു.







