കാസര്‍കോട്: സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല ഒന്നാമതെത്തിയെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ 93.8% വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും. പലകാരണങ്ങളാല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്തവര്‍ക്ക് 18 വരെ സമയപരിധിയുണ്ടെന്നും എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് 18 നകം തിരികെ നല്‍കിയാല്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും കളക്ടര്‍ പറഞ്ഞു.
1078686 വോട്ടര്‍മാര്‍ ഉള്ളതില്‍ 1011391 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റലൈസ് ചെയ്താണ് സംസ്ഥാനത്ത്
ജില്ല ഒന്നാമതെത്തിയത്. 6.2% ഫോമുകള്‍ തിരികെ ലഭിക്കാന്‍ ഉണ്ട്. കൃത്യനിര്‍വഹണത്തിനായി ചെല്ലുമ്പോള്‍ സംഭവസ്ഥലത്ത് ഇല്ലാതിരിക്കുക, മരിച്ചവര്‍, നിലവില്‍ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ താമസിക്കുന്നവര്‍ തുടങ്ങിയ കാരണങ്ങളാണ് വോട്ടര്‍ പട്ടികയില്‍ പേര് വരാതിരിക്കാനുള്ള കാരണങ്ങള്‍. കരട് വോട്ടര്‍ പട്ടിക നിലവില്‍ വന്ന ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി 22 വരെ സമര്‍പ്പിക്കാം.
ഫെബ്രുവരി 21 നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. ഈ കാലയളവിനുള്ളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫോം ആറും ഡിക്ലറേഷനും നല്‍കിയാല്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുമെന്നു അദ്ദേഹം വ്യക്തമാക്കി. എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ മികവിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കളക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു.







