കാസര്‍കോട്: നായയുടെ മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറി. രക്ഷകരായത് ചെറുവത്തൂര്‍ ഹൈവേയിലെ ഓട്ടോ ഡ്രൈവര്‍മാര്‍. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച നിലയില്‍ ഓട്ടോ സ്റ്റാന്‍ഡിന് തെരുവ് നായ എത്തിയത്. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ പ്രയാസത്തിലായിരുന്നു. ഡ്രൈവര്‍മാരുടെ അടുത്തെത്തി അടുപ്പംകൂടി കരഞ്ഞുതുടങ്ങി. മുള്ള് മൂക്കില്‍ ആഴത്തില്‍ കയറിയ നിലയിലായിരുന്നു. സംഭവം കണ്ട സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ വലിച്ചൂരാന്‍ ശ്രമം നടത്തി. എന്നാല്‍ അത് നടന്നില്ല. പിന്നീട് കട്ടിങ് ബ്ലേഡ് കൊണ്ടുവന്ന് വലിച്ചൂരി എടുത്തു. ഇതോടെ നായയ്ക്ക് ആശ്വാസമായി. ആദ്യം ഓടി അകന്നെങ്കിലും പിന്നീട് പല തവണ ഓട്ടോ സ്റ്റാന്‍ഡില്‍ തിരിച്ചുവന്നു. മൂക്കിന് വലിയ പരിക്കില്ലാത്തതിനാല്‍ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയില്ല. ഹൈവേ ഓട്ടോ സ്റ്റാന്‍ഡിലെ പ്രേമരാജന്‍, അസീസ്, മുത്തലിബ്, ശ്രീകാന്ത്, രാഘവന്‍ എന്നിവരാണ് മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറിയ നായയ്ക്ക് രക്ഷകരായത്.








