ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റെയില്‍വേ. 37 പ്രീമിയം ട്രെയിനുകളില്‍ 116 കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു. വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് നടപടി.
ദക്ഷിണ റെയില്‍വേ (എസ്.ആര്‍) ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുകള്‍ നടത്തിയതായും 18 ട്രെയിനുകളില്‍ അധിക കോച്ച് ഉള്‍പ്പെടുത്തിയതായും റെയില്‍വേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.
വടക്കന്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ വര്‍ദ്ധനവ് വരുത്തി, 3 എസി, ചെയര്‍ കാര്‍ കോച്ചുകള്‍ ചേര്‍ത്തു. ഇന്ന് മുതല്‍ നടപ്പിലാക്കിയ ഈ നടപടികള്‍ കൂടുതല്‍ യാത്രക്കാരുള്ള വടക്കന്‍ ഇടനാഴികളിലെ സീറ്റ് ലഭ്യത വര്‍ദ്ധിപ്പിക്കുന്നു.
ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ റിസര്‍വ്ഡ് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (04080) ഡിസംബര്‍ 6 ന് ഒരു വശത്തേക്ക് സര്‍വീസ് നടത്തും, ഇത് തെക്കന്‍ മേഖലയിലേക്കുള്ള ദീര്‍ഘദൂര കണക്റ്റിവിറ്റി ഉറപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി അനുവദിച്ചത്. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറുമതുല്‍ ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്‌സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയര്‍കാറും അധികമായി അനുവദിച്ചു.







