മംഗളൂരു: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മലയാളി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. തിരുവനന്തപുരം സ്വദേശി ആദിത് ഗോപന്‍ എന്ന മുത്തു കൃഷ്ണ(32)നാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം കദ്രി ജോഗി മഠത്തിന് സമീപം വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ പോകുമ്പോഴാണ് യുവാവ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. നവംബര്‍ 21 ന് കദ്രി ബട്ടഗുഡ്ഡെയില്‍ ഒരു സ്ത്രീയില്‍ നിന്ന് 1.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസിലും, സെപ്റ്റംബര്‍ 27 ന് മൂല്ക്കിയിലെ കൊട്ടെകേരിയില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലും, ബൈന്ദൂര്‍, കുന്ദാപുര, സൂറത്ത്കലിലെ ചൊക്കബെട്ടു, സൂറത്ത്കലിലെ അഗര്‍മേലു എന്നിവിടങ്ങളിലെ നിരവധി ഇരുചക്ര വാഹന മോഷണ കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. തമഴ് നാട്ടിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. നാഗര്‍കോവില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ട്രെയിനില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തും. ഒറ്റയ്ക്കാണ് മോഷണം നടത്തുന്നത്.
മോഷ്ടിച്ച നാല് ഇരുചക്ര വാഹനങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. മംഗളൂരു ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അനന്ത് പത്മനാഭയും കദ്രി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.







