ന്യൂഡല്‍ഹി: വൈഭവ് സൂര്യവംശി എന്ന 14 കാരന്‍ ഇപ്പോള്‍ ഓരോ ഇന്ത്യാക്കാരുടേയും വീട്ടിലെ അംഗമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ട് പ്രകടനം നടത്തിയ വൈഭവ് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധിക്കുന്ന പോസ്റ്റില്‍ എത്തിയിരിക്കുകയാണ്. കുട്ടിത്തം മാറാത്ത ആ മുഖവും എതിര്‍ ടീമിന് നേരെ ആഞ്ഞടിക്കാനുള്ള പ്രകടനവും വൈഭവിനെ വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണമായി.
35 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി പലമടങ്ങ് വര്‍ദ്ധിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല, കളിക്കളത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടി റെക്കോര്‍ഡുകള്‍ തകര്‍ത്തു. അതുകൊണ്ടുതന്നെ 2025-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ക്രിക്കറ്റ് കളിക്കാരനായും സൂര്യവംശി മാറി.
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ തിരഞ്ഞ ‘പീപ്പിള്‍’ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ക്രിക്കറ്റ് കളിക്കാരനായ ഈ കൗമാരക്കാരന്‍ ആറാം സ്ഥാനത്താണ്; ഇന്ത്യയില്‍ ഒന്നാമതും. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ട്രെന്‍ഡിംഗ് ക്രിക്കറ്റ് കളിക്കാരില്‍ ഉള്‍പ്പെടുന്ന രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ ക്രിക്കറ്റ് കളിക്കാരെയാണ് കൗമാര പ്രായത്തില്‍ തന്നെ വൈഭവ് മറികടന്നത്. കൂടാതെ, റിഷഭ് പന്ത്, അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ പുതുമുഖ താരങ്ങളും പലതവണ കളിക്കളത്തില്‍ മിന്നിത്തിളങ്ങിയിട്ടുണ്ടെങ്കിലും വൈഭവിന്റെ അത്ര തിളക്കം പോരായെന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലുളള അഭിപ്രായം.
രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ചതിന് ശേഷം ഇന്ത്യ എയ്ക്കുവേണ്ടിയും കളിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ചു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്‌സ്മാനാണ് വൈഭവ്. ഐപിഎല്ലില്‍ മാത്രമല്ല അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി അദ്ദേഹം നേടിയിരുന്നു. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയും റെക്കോര്‍ഡ് സൃഷ്ടിച്ചു.
നിലവില്‍ വൈഭവ് സൂര്യവംശി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനു വേണ്ടി കളിക്കുകയാണ്. ഇതിനകം നിരവധി ആക്രമണാത്മക ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ബീഹാറിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള വൈഭവ്, അഞ്ച് മത്സരങ്ങളില്‍ നിന്ന് 175.47 സ്‌ട്രൈക്ക് റേറ്റില്‍ 186 റണ്‍സ് നേടിയിട്ടുണ്ട്.ഒരു സെഞ്ച്വറിയും സ്വന്തം പേരിലുണ്ട്.
മാത്രമല്ല, ഈ മാസം അവസാനം നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കാനും ഈ കൗമാര പ്രതിഭ തയ്യാറെടുക്കുന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ അണ്ടര്‍ 19 നെ നേരിടാനും സാധ്യതയുണ്ട്. ക്രിക്കറ്റിനൊപ്പം തന്റെ പഠനത്തിലും ശ്രദ്ധ കൊടുക്കാനാണ് വൈഭവ് ലക്ഷ്യമിടുന്നത്.







